ആലപ്പുഴ: നമ്മള് എത്ര വലിയവരായാലും അത്രയും താഴ്ന്നാലേ ദൈവസന്നിധിയില്‍ സ്വീകാര്യരാകൂയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം സ്വര്‍ഗീയ പ്രവേശന വര്‍ഷത്തിന്റെ ചങ്ങനാശേരി അതിരൂപതാതല ആഘോഷം വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമധേയത്തിലുള്ള ചങ്ങനാശേരി അതിരൂപതയിലെ ഏക ദേവാലയമായ പൂന്തോപ്പ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യവും ലാളിത്യവും നിറഞ്ഞ യേശുവിന്റെ അതേ ജീവിതമായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടേത്. എല്ലാ ജീവജാലങ്ങളോടും സ്നേഹത്തില്‍ മാത്രം കഴിഞ്ഞ ഫ്രാന്‍സിസ് അസീസിയെ മാതൃകയാക്കാന്‍ ശ്രമിക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു.
വിശുദ്ധന്റെ സ്മരണയില്‍ അതിരൂപത 2026-27 പരിസ്ഥിതി സംരക്ഷണ വര്‍ഷമായി ആചരിക്കും. ഇതിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. വസ്ത്രം ഉപയോഗിച്ചത്, പരിസ്ഥിതി സ്നേഹം, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഫ്രാന്‍സിസ് അസീസിയും ഗാന്ധിജിയും തമ്മില്‍ ഏറെ സമാനതകളുണ്ടെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മാര്‍ തോമസ് തറയില്‍ പറഞ്ഞു. കൂടപ്പിറപ്പ് സ്നേഹം ബലപ്പെടുത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
അതിരൂപത വികാരി ജനറാൾ ഫാ. സ്കറിയ കന്യാകോണില്‍, പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ആന്റണി ഏത്തയ്ക്കാട്, കപ്പൂച്ചിന്‍ സെന്റ് ജോസഫ്സ് പ്രോവിന്‍സ് പ്രോവിന്ഷ്യല് ഫാ. സരീഷ് ഫ്രാന്‍സിസ് തോണ്ടംകുഴിയില്, എഫ്സിസി പ്രൊവിൻഷല്‍ സിസ്റ്റര്‍ ബ്രിജി, വികാരി ഫാ. ജോസ് പാറശേരില്‍, ഫാ. അലക്സ് വാച്ചാപറമ്പില്‍, ബ്രദര്‍ പ്രമോദ് പി. ജോസഫ്, ഫാ. ബോബി ജോസ് കട്ടികാട് എന്നിവര്‍ പ്രസംഗിച്ചു.
ഇടവകസമൂഹത്തെ കൂടാതെ അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്ന് 2500ലേറെ പ്രതിനിധികളും പങ്കെടുത്തു. തെള്ളകം കപ്പൂച്ചിന്‍ സെമിനാരി അംഗങ്ങള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും
ചരിത്രസ്മരണകളുടെയും പുണ്യഭൂമി
ആലപ്പുഴ: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ചരിത്രസ്മരണകളുടെയും പുണ്യഭൂമിയാണ് പൂന്തോപ്പ് പള്ളി. 1839ല്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തില്‍ സ്ഥാപിതമായ ചാപ്പലില്‍നിന്ന് ആരംഭിച്ച വിശ്വാസയാത്ര. 1838ല്‍ വരാപ്പുഴ രൂപതയുടെ മെത്രാനായിരുന്ന മാര്‍ ശൗരിയില്നിന്ന് ലഭിച്ച അനുവാദ കല്പനയാണ് ചാപ്പൽ സ്ഥാപനത്തിനും പൂന്തോപ്പ് പള്ളിയുടെ തുടക്കത്തിനും വഴിതുറന്നത്.
തൊമ്മച്ചന്റെ വരവ്; വിശ്വാസത്തിന് പുതിയ വഴിത്തിരിവ്
പൂന്തോപ്പിന്റെ ആത്മീയചരിത്രത്തില്‍ ദൈവദാസന് പുത്തന്‍പറമ്പിൽ തൊമ്മച്ചന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു. 1865ല്‍ അല്മായര്ക്കായി അദ്ദേഹം സ്ഥാപിച്ച ചരട് കെട്ടിയവരുടെ സംഘം പ്രദേശത്തെ നിരവധി ആളുകളെ ആകര്‍ഷിച്ചു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതത്തില്‍ ആകൃഷ്ടനായ തൊമ്മച്ചന് പിന്നീട് ഈ സംഘത്തെ ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയുടെ ഭാഗമാക്കി മാറ്റി. തൊമ്മച്ചന്റെയും അനുചരരുടെയും ആത്മീയപ്രവർത്തനങ്ങളിലൂടെയാണ് 1878ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമത്തില്‍ പള്ളി സ്ഥാപിതമായത്.
പളെയില് നിന്ന് പൂന്തോപ്പിലേക്ക്
പൂന്തോപ്പ് എന്ന പേരിനു പിന്നിലും വിശ്വാസചരിത്രത്തിന്റെ ഒരു അധ്യായമുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് അസീസി തന്റെ ആശ്രമത്തിന് നല്‍കിയിരുന്ന പോര്സ്യൂങ്കുല എന്ന പേരിന് പൂന്തോട്ടം എന്ന അര്‍ഥമുണ്ട്. ഇതിൽനിന്നാണ് അന്ന് പോളെ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് പൂന്തോപ്പ് എന്ന പേര് നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട ആത്മീയയാത്രയ്ക്കൊടുവില് 1948ല്‍ ചങ്ങനാശേരി അതിരൂപതയുടെ മെത്രാനായിരുന്ന മാര്‍ ജയിംസ് കാളാശേരി പൂന്തോപ്പ് പള്ളിയെ ഇടവകയായി പ്രഖ്യാപിച്ചു.
800-ാം സ്വര്‍ഗപ്രവേശന
വര്‍ഷത്തിന്റെ സ്മരണയില്‍
ഇത്തവണത്തെ ഇടവക തിരുനാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം സ്വര്‍ഗപ്രവേശന അതിരൂപതാതല വര്‍ഷാചരണവും ഇടവക തിരുനാളിനോടൊപ്പം ആഘോഷിച്ചു.
ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്താ മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു കാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ബോബി ജോസ് കട്ടിക്കാട് മുഖ്യസന്ദേശം നല്കി. കപ്പൂച്ചിന്‍ കോട്ടയം പ്രോവിന്‍സും എഫ്സിസി ചങ്ങനാശേരി ദേവമാതാ പ്രോവിന്‍സും പൂന്തോപ്പ് ഇടവക സമൂഹവും നേതൃത്വം നല്കി. അിരൂപതയിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.